Friday, December 30, 2011

പൊറുക്കുക പെരിയാറേ നീ….

ഈണമായ്, താളമായ്
മലനിരകളെ തഴുകിയൊഴുകി
തെളിനീരുമായ്
നിബിഡമാം വനാന്തരങ്ങളിലൂടെ
സൂര്യകിരണങ്ങൾ തൻ തലോടലുമായി
മദിച്ചൊഴുകിയോരീ പെരിയാറിൻ-
ലാവണ്യമെന്നോ അസ്തമിച്ചു

ഓർമ്മിക്കാനുണ്ടൊരു പരിണയകഥ;
അത് ലോകം മറന്ന പെരിയാറിൻ വ്യഥ

അറബിക്കടലാം പ്രിയതമനിൽ
അലിഞ്ഞുചേരുവാനായൊഴുകിയ
പ്രണയ കല്ലോലിനീ, പെരിയാറേ
നിൻ ഗതിവിഗതികളാരോ തച്ചുടച്ചു

സംശയ്ഇക്കേണ്ട; ഏതിനും
മൂകസാക്ഷിയാണു ഞാൻ

അൽപ ലാഭം കൊതിച്ച്
നിൻ പ്രണയത്തെ തടുക്കുവാ-
നെന്നെയേൽപ്പിച്ച വിദേശകരങ്ങളോ-
പോയ് മറഞ്ഞെങ്കിലും,
മൃതപ്രാണനായ്, മുതുമുത്തശ്ശനായ്,
ദൗത്യവും ഏറ്റു ഞാൻ നിലകൊള്ളുന്നു

പെരിയാറിൻ പ്രണയത്തെ
പുഷ്പിണിയാക്കുവാനെൻ-
കരങ്ങളൊന്നയക്കുവാനാശയുണ്ടെങ്കിലും
മാനവജീവന്റെ നിലവിളി-
യെൻ കാതുകളിൽ മുഴങ്ങുന്ന വേളയിൽ
എനിക്കതിനാവില്ല;
പൊറുക്കുക പെരിയാറേ നീ

അറബിക്കടലിലേക്കാന്നയിവൾതൻ-
പ്രണയത്തിനു നവജീവൻ നൽകി
രമണീയമാം പ്രകൃതിയെ മാറോടണച്ച്
വിലപിക്കും മക്കളെ സന്തുഷ്ടരാക്കി
ശാന്തമായൊഴുകൂ പെരിയാറേ നീ

Saturday, November 12, 2011

ശ്രദ്ധാഞ്ജലി

മേളവും വാദ്യവും ഘോഷാരവങ്ങളും
പര്യവസാനിച്ചുമെന്നിട്ടുമെന്തേ?
നീയെന്റെയുള്ളത്തിനുള്ളില്‍
തെളിഞ്ഞു കത്തുന്ന ദീപമായ് ശേഷിപ്പൂ നിശ്ചയം

ഓര്‍മ്മതന്‍ വാതിലടച്ചു തഴുതിട്ടു
ഓടിവന്നതു നീ തള്ളീത്തുറന്നു
നിശതന്‍ നിശ്ശബ്ദ വീഥിയിലെങ്ങും
നിശ്വാസവായു നിറഞ്ഞു കവിഞ്ഞു

തേങ്ങലിന്‍ ശബ്ദം
ചുമരുകള്‍ക്കുള്ളില്‍
യാചകനെപ്പോലലഞ്ഞു തിരിഞ്ഞു
ഉദധിയില്‍ വീശുന്ന അനിലനെപ്പോലെ
ഉണര്‍ന്നുപിടഞ്ഞു ഞാനെന്റെ ശയ്യയില്‍

ആരുമറിഞ്ഞില്ല ആരോടും പറഞ്ഞീല
ആരായുവാനാരും തുനിഞ്ഞില്ല
വ്യഥയുടെ കുമ്പസാരമണലിലുഴലുന്ന
നിഴലായ് ഞാന്‍ നിലനില്‍ക്കുമെന്നും

Wednesday, September 14, 2011

പുത്തനോണം


ഗൃഹാതുരത്വം തെല്ലുമേശാതെ
കാലികമായി മാറുമീയോണം
മാറ്റമില്ലാതിന്നൊന്നു മാത്രം
മാവേലിതമ്പുരാനൊരാൾ മാത്രം
വടിവൊത്ത ഞൊറിയുള്ള കസവുചുറ്റി
സമൃദ്ധമാംകൃതാവൊന്നൊതുക്കിവച്ചു

സ്വർണ്ണക്കിരീടവും ഓലക്കുടയുമേന്തി
പ്രജകളെ ഒരു നോക്കു കാണുവാനായ്
മാവേലി മന്നനണഞ്ഞനേരം
ജീൻസ്ധാരികൾക്കിടയിലൂടെ
ഫാഷന്റെ ലോകത്തിൻ നടുവിലൂടെ

'നോൺവെജി'ൻഗന്ധവും ഏറ്റുകൊണ്ട്
'ലിഫ്റ്റിനെ'തെല്ലൊന്നു ഭയന്നുമാറി
പടവുകളേന്തി ഫ്ലാറ്റിലെത്തി
കണ്ടതോ ഓണക്കളികളെല്ലാം

ചാനലുകളിൽ മാത്രമൊതുങ്ങിനിന്ന
പേരക്കിടാങ്ങളെ തേടിയെത്തും
തിരുവോണനാളിലെ 'ഗ്രാൻമയും''ഗ്രാൻപയും'
പരിഭവമില്ലാതൊതുങ്ങിമാറി

ഫ്ലാറ്റിന്റെമോടിയിൽ സന്തുഷ്ടരായി
വർണ്ണപ്പകിട്ടേകും ഷോപ്പിംഗ്‌മാളിൽ
'എസ്‌കലേറ്ററും' കണ്ടു ഭയന്നു പോയി

'ടൂറിസ്റ്റ്'ഹോമുകൾ നിറഞ്ഞിരുന്ന
വെപ്പും കുടിയും 'പുറത്തു'തന്നെ
വിഭവങ്ങൾ 'ചൈനീസ്' മാത്രമായി
മദ്യത്തിൽ മാത്രം സമത്വം കണ്ട്
തെല്ലൊന്ന് മന്ദസ്മിതവുമായി
മാവേലിമന്നൻ മടങ്ങിടുന്നു

ഇനിവരും പാതാള യാത്രയെല്ലാം
'ലിഫ്റ്റി'ലോ എസ്കലേറ്ററിലോ
ആകയാൽ യാത്രയും സുഖകരമായ്-
മാറുന്നകാലവും സ്വപ്നം കണ്ട്,
മാവേലി മന്നൻ മടങ്ങീടുന്നു
പ്രായത്തിൽ കവിയും പ്രസരിപ്പോടെ

Thursday, August 12, 2010

ബന്ധിതർ ...

ചക്രങ്ങള്‍ വിരാജിയ്ക്കും നഗരത്തിരക്കില്‍ -
നിന്നൊരിറ്റു പച്ചത്തുരുത്തിനായെത്തിയാ-
കനകക്കുന്നില്‍ നെറുകയില്‍ ‍;
കണ്ടതോ കരളലിയിക്കും കാഴ്ചയായ്















മോദിക്കും
ജനത്തിന് കാണിക്കയെന്നപോല്‍
അശരണരാം കാലികള്‍; മിണ്ടാപ്രാണികള്‍
വിശപ്പും ദാഹവുമേറിത്തളര്‍ന്നും, ദിനരാത്രങ്ങളെണ്ണിയും


സ്വന്തം വിസര്‍ജ്യത്തിലുരുണ്ടും പിണഞ്ഞും,
അസ്വസ്ഥമായുച്ചത്തില്‍ മുരടനക്കിയും,
അംഗവിക്ഷേപത്താലാക്രോശിച്ചും

നിസ്സഹായരായ് വിലപിക്കുന്നിവര്‍ക്കോ
വോട്ടില്ല, രാഷ്ട്രീയപ്പാര്‍ട്ടിയില്ല,
പ്രതിഷേധമറിയിക്കാന്‍ ഹര്‍ത്താലുമില്ല
വഴിയോരത്ത് കൊടിപിടിക്കില്ലിവര്‍ ‍, പകരം

ചാട്ടവാറിനാല്‍ മുന്‍പേ ഗമിക്കുന്നു
അലംബഹീനര്‍ക്കേവര്‍ക്കുമീ ലോകം‌
ദുഃഖങ്ങളാവോളം സമ്മാനമേകുന്നു
ഇതിനൊരറുതിവരുത്തുവാന്‍ നമ്മള്‍
അണിചേരുമോ വിദൂരത്തിലെങ്കിലും.......
============================
തിരുവനന്തപുരത്ത് നഗരമദ്ധ്യത്തില്‍ കനകക്കുന്നു കൊട്ടാരത്തില്‍ ഈയിടെ നടന്ന കന്നുകാലിപ്രദര്‍ശനം ശരിക്കും മൃഗങ്ങള്‍ക്ക് പീഡനമായി. കൊടും ചൂടില്‍, കൊമ്പു തുളച്ച് ചങ്ങലയിട്ട മുട്ടനാടും, സ്വന്തം വിസര്‍ജ്യത്തില്‍ കഴിയേണ്ടിവന്ന നായയും, ദിവസങ്ങളോളം ചെറിയ കൂട്ടിലടച്ച കോഴികളുംദയനീയ കാഴ്ചയായി. മനോഹരമായ , എറ്റവും വൃത്തികെട്ട, ദുര്‍ഗന്ധം നിറഞ്ഞകാലിത്തൊഴുത്തിനേക്കാള്‍ ശോചനീയമായി.....

Monday, February 8, 2010

സർവ്വം സഹ!


സർവ്വം സഹ!





ക്രൂരതയെന്തിനീ മർത്യ ഹൃദയങ്ങളിൽ?

കൊടുങ്കാറ്റിലുലയും നൌകപോൽ

ചഞ്ചലമാകുന്നു സ്നേഹബന്ധങ്ങളും

അവിവേകത്തിമിരത്താലന്ധകാര

ത്തിലമരുമീ ലോകത്തിൽ;

കാണുന്നില്ലാരുമന്യോന്യമെങ്കിലും.

എങ്ങും മുഴങ്ങുന്ന വെല്ലിവിളികളും

സ്ഫോടന പരമ്പരകളേറുമീ മണ്ണിൽ

പൈതങ്ങൾ നിണത്താൽ ദാഹം തീർക്കുന്നു

മജ്ജയും മാംസവും പശിക്കായ് ഭുജിക്കുന്നു,

ആരുമില്ലിന്നിവിടെച്ചോദിപ്പാൻ

ചോദിക്കേണ്ടവർ പൊയ്മുഖമണിഞ്ഞീടുന്നു

ചേരിത്തിരിവുകളിലധിഷ്ഠിതമാം ലോകം

രാഷ്ട്രീയക്കുരുതിക്കു സാക്ഷ്യം വഹിക്കുന്നു

പട്ടിണിമരണങ്ങളേറെയുണ്ടെങ്കിലും

ദാരിദ്ര്യനിർമ്മാർജ്ജനത്തിനാരുമില്ല

സർവ്വം സഹയായ് നിൽക്കുമീ ഭൂമിയും

പിളരാനായ് കാത്തു കഴിഞ്ഞിടുന്നു.