സർവ്വം സഹ!
ക്രൂരതയെന്തിനീ മർത്യ ഹൃദയങ്ങളിൽ?
കൊടുങ്കാറ്റിലുലയും നൌകപോൽ
ചഞ്ചലമാകുന്നു സ്നേഹബന്ധങ്ങളും
അവിവേകത്തിമിരത്താലന്ധകാര
ത്തിലമരുമീ ലോകത്തിൽ;
കാണുന്നില്ലാരുമന്യോന്യമെങ്കിലും.
എങ്ങും മുഴങ്ങുന്ന വെല്ലിവിളികളും
സ്ഫോടന പരമ്പരകളേറുമീ മണ്ണിൽ
പൈതങ്ങൾ നിണത്താൽ ദാഹം തീർക്കുന്നു
മജ്ജയും മാംസവും പശിക്കായ് ഭുജിക്കുന്നു,
ആരുമില്ലിന്നിവിടെച്ചോദിപ്പാൻ
ചോദിക്കേണ്ടവർ പൊയ്മുഖമണിഞ്ഞീടുന്നു
ചേരിത്തിരിവുകളിലധിഷ്ഠിതമാം ലോകം
രാഷ്ട്രീയക്കുരുതിക്കു സാക്ഷ്യം വഹിക്കുന്നു
പട്ടിണിമരണങ്ങളേറെയുണ്ടെങ്കിലും
ദാരിദ്ര്യനിർമ്മാർജ്ജനത്തിനാരുമില്ല
സർവ്വം സഹയായ് നിൽക്കുമീ ഭൂമിയും
പിളരാനായ് കാത്തു കഴിഞ്ഞിടുന്നു.