Friday, December 30, 2011

പൊറുക്കുക പെരിയാറേ നീ….

ഈണമായ്, താളമായ്
മലനിരകളെ തഴുകിയൊഴുകി
തെളിനീരുമായ്
നിബിഡമാം വനാന്തരങ്ങളിലൂടെ
സൂര്യകിരണങ്ങൾ തൻ തലോടലുമായി
മദിച്ചൊഴുകിയോരീ പെരിയാറിൻ-
ലാവണ്യമെന്നോ അസ്തമിച്ചു

ഓർമ്മിക്കാനുണ്ടൊരു പരിണയകഥ;
അത് ലോകം മറന്ന പെരിയാറിൻ വ്യഥ

അറബിക്കടലാം പ്രിയതമനിൽ
അലിഞ്ഞുചേരുവാനായൊഴുകിയ
പ്രണയ കല്ലോലിനീ, പെരിയാറേ
നിൻ ഗതിവിഗതികളാരോ തച്ചുടച്ചു

സംശയ്ഇക്കേണ്ട; ഏതിനും
മൂകസാക്ഷിയാണു ഞാൻ

അൽപ ലാഭം കൊതിച്ച്
നിൻ പ്രണയത്തെ തടുക്കുവാ-
നെന്നെയേൽപ്പിച്ച വിദേശകരങ്ങളോ-
പോയ് മറഞ്ഞെങ്കിലും,
മൃതപ്രാണനായ്, മുതുമുത്തശ്ശനായ്,
ദൗത്യവും ഏറ്റു ഞാൻ നിലകൊള്ളുന്നു

പെരിയാറിൻ പ്രണയത്തെ
പുഷ്പിണിയാക്കുവാനെൻ-
കരങ്ങളൊന്നയക്കുവാനാശയുണ്ടെങ്കിലും
മാനവജീവന്റെ നിലവിളി-
യെൻ കാതുകളിൽ മുഴങ്ങുന്ന വേളയിൽ
എനിക്കതിനാവില്ല;
പൊറുക്കുക പെരിയാറേ നീ

അറബിക്കടലിലേക്കാന്നയിവൾതൻ-
പ്രണയത്തിനു നവജീവൻ നൽകി
രമണീയമാം പ്രകൃതിയെ മാറോടണച്ച്
വിലപിക്കും മക്കളെ സന്തുഷ്ടരാക്കി
ശാന്തമായൊഴുകൂ പെരിയാറേ നീ

3 comments:

  1. ശാന്തമായൊഴുകൂ പെരിയാറേ നീ
    പൊറുക്കുക പെരിയാറേ നീ….

    ReplyDelete
  2. അല്പ ലാഭം പെരും ഛേദം....
    നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു.

    പുതുവത്സരാശംസകള്‍......

    ReplyDelete
  3. "കരങ്ങളൊന്നയക്കുവാനാശയുണ്ടെങ്കിലും
    മാനവജീവന്റെ നിലവിളി-
    യെൻ കാതുകളിൽ മുഴങ്ങുന്ന വേളയിൽ
    എനിക്കതിനാവില്ല;"

    എത്രനാൾ ?

    ReplyDelete